വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചിൽ.
വയനാട് ദുരന്തബാധിത പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചിൽ. ദുരന്തത്തെ അതി ജീവിച്ചവരെ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനകീയ തിരച്ചിൽ നടക്കുക. രാവിലെ എട്ടുമണി മുതൽ 11 മണി വരെയാണ് ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മട്ടം പ്രദേശങ്ങളിൽ തിരച്ചിൽ നടക്കുക .
ഫയർഫോഴ്സും എൻഡിആർഎഫും സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ ഒപ്പം ചേരും.
ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടടുത്ത ദിവസം മുതൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ സൈന്യം ഇന്നലെ മടങ്ങിയിരുന്നു. പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ തിരച്ചിലിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രാവിലെ ക്യാമ്പുകളിൽ നിന്ന് ബസ് മാർഗം ആയിരിക്കും ഇവരെ ദുരന്ത ഭൂമിയിലേക്ക് എത്തിക്കുക .