വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മാനവ ഹൃദയങ്ങൾ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഓണമെന്നും വയനാടിനായി ഈ നിമിഷം നമ്മുക്ക് ഒരുമിച്ച് നില്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് ഈ വര്‍ഷവും വിതരണം ചെയ്യും. ആറ് ലക്ഷം പേർക്ക് 36 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൈവ പച്ചക്കറിയും ഓണം ഫെയറുകൾ ഒരുക്കും. 13 ഇനം നിത്യോപയോഗ സ്ധനങ്ങൾ മാവേലി സ്റ്റോറിൽ ലഭ്യമാക്കും