ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നത് ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നത് ഈ മാസം മുപ്പതിനകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കുറ്റമറ്റ രീതിയില്‍ നടത്തണം എന്നുള്ളത് കൊണ്ടാണ് കാലതാമസം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിച്ച ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മുണ്ടക്കയിലും ചൂരല്‍മരയിലും കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ഉണ്ടെന്നും പുഞ്ചിരി മട്ടം സുരക്ഷിതമല്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. ടൗണ്‍ഷിപ്പിന് വേണ്ടി സര്‍ക്കാര്‍ എട്ട് സ്ഥലങ്ങളുടെ ലിസ്റ്റ് വിദഗ്ധസമിതിക്ക് കൈമാറിയിരുന്നു. ഇതില്‍ അഞ്ചു ഇടങ്ങള്‍ സുരക്ഷിതം എന്നും റിപ്പോര്‍ട്ടിലുണ്ട്. താല്‍ക്കാലിക പുനരധിവാസം ഈ മാസം 30ന് പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. നിലവില്‍ 35 കുടുംബങ്ങള്‍ മാത്രമാണ് നാലു ക്യാമ്പുകളില്‍ ആയി ഉള്ളത്. അടുത്ത വ്യാഴാഴ്ച ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സ്‌കൂളുകള്‍ തുറക്കും. സ്വയം വീടുകള്‍ കണ്ടെത്തിയവര്‍ക്ക് എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കില്‍ ജില്ലാ കളക്ടറെ ബന്ധപ്പെടാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു