‘വയനാട് വിഷയത്തിൽ വാശി വെടിയണം, കേരളം കൃത്യമായ കണക്കുനൽകണം’; കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തത്തിൽ ധനസഹായം അനുവദിക്കുന്നതിൽ തുറന്ന മനസ് കാട്ടാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ ചെലവുകളുടെ കണക്കു തയ്യാറാക്കി നൽകാനും നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്) വിനിയോഗം സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സമർപ്പിക്കാനാണ് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇതുവരെ ചെലവിട്ട തുകയും ഇനി ആവശ്യമുള്ളതും വ്യക്തമാക്കണം. ഈ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി അധിക ധനസഹായത്തിന് സാദ്ധ്യത തേടണമെന്നും കോടതി പറഞ്ഞു. തങ്ങൾ തെറ്റുകാരല്ലെന്നു കാണിക്കാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രമം. ഇക്കാര്യത്തിൽ പരിഹാരമാണു വേണ്ടത്. സംസ്ഥാനം കണക്കുകൾ കൃത്യമായി അറിയിക്കണം.
ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്നു പണം അനുവദിക്കുന്നതിൽ വ്യവസ്ഥകളിൽ കുടുങ്ങിപ്പോകാതെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണം. നടപടികൾ അതിവേഗത്തിലാക്കണം. കൂടുതൽ തുക ആവശ്യപ്പെടുമ്ബോൾ കേന്ദ്രം എസ്.ഡി.ആർ.എഫിലെ തുക ചെലവാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷണ കുറുപ്പ് അറിയിച്ചു. എസ്.ഡി.ആർ.എഫിലെ തുക കടലാസിൽ മാത്രമാണെന്നും ചൂണ്ടിക്കാട്ടി. മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി എസ്.ഡി.ആർ.എഫിലുള്ള തുകയുടെ 50 ശതമാനം ചെലവാക്കിയാൽ മാത്രമേ അധികസഹായമായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്നുള്ള 153.467 കോടി രൂപ അനുവദിക്കൂവെന്ന കേന്ദ്ര വ്യവസ്ഥ പ്രായോഗികമല്ല. ഇതുപോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ സംസ്ഥാനം കേന്ദ്രത്തിനെയല്ലാതെ ആരെയാണു സമീപിക്കേണ്ടതെന്നു കോടതി ചോദിച്ചു.
അധികധനസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകിയപ്പോൾ എസ്.ഡി.ആർ.എഫിൽ ഉണ്ടായിരുന്നത് 588.83 കോടി രൂപയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതവും കൂടി ചേർത്ത് ഒക്ടോബർ 1ന് ഇത് 782.99 കോടിയായി. ഈ തുക സംസ്ഥാനത്ത് ആകെയുണ്ടാകുന്ന ദുരന്തങ്ങളുമായി ബന്ധപ്പെട്ട നിധിയാണ്. നിലവിൽ പ്രതികരണ നിധിയിലുള്ളത് 700.5
കോടി രൂപയാണ്. 638.97 കോടി ബാദ്ധ്യതയുണ്ട്. ഭാവിയിൽ ദുരന്തമുണ്ടായാൽ ബാക്കിയുള്ളത് 61.53 കോടി മാത്രമാണ്. വയനാട് ടൗൺഷിപ്പിന് 90 ഹെക്ടർ ഭൂമി ആവശ്യമുണ്ട്. ദുരിതബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി 2221 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വയനാടിന് ലഭിച്ചത് 682 കോടി രൂപയാണ്.