Latestകേരളം

 വയനാട്ടില്‍ പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍‌ത്ഥിനി ജീവനൊടുക്കിയ നിലയില്‍

വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ 16കാരിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം നടത്തിയതിന് പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയും അറസ്റ്റിലുമായി. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്.

വിദ്യാർത്ഥിനിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് താമസം. പിതാവിനും സഹോദരിക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് വർഷങ്ങള്‍ക്ക് മുൻപ് ബന്ധുവില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടത് കുട്ടി വെളിപ്പെടുത്തിയത്. അയല്‍വാസിയില്‍നിന്ന് നേരിട്ട ദുരനുഭവവും പെണ്‍കുട്ടി തുറന്നുപറഞ്ഞിരുന്നു. ഇതോടെ ബന്ധപ്പെട്ടവർ പോലീസിനെ വിവരമറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.

2024-25 കാലത്ത് പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന. സ്കൂള്‍ അധികൃതർ പൊലീസിനെ വിവരം അറിയിച്ച ശേഷവും കുട്ടിക്കു മാനസിക പിന്തുണ നല്‍കുന്നത് കൃത്യമായി ഉറപ്പാക്കാനായില്ലെന്നും ആക്ഷേപമുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം തുടങ്ങി.