സേവനങ്ങൾ തടസപ്പെട്ടതിൽ കേന്ദ്രസര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിച്ച് വാട്ട്സ്ആപ്പ്

ഡൽഹി: സേവനങ്ങൾ തടസപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് വാട്ട്സ്ആപ്പ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ചൊവ്വാഴ്ച്ച ഉണ്ടായ സേവന തടസം സംബന്ധിച്ച് ഐടി മന്ത്രാലയത്തിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സാങ്കേതിക പിഴവാണ് തകരാറിന് കാരണമെന്ന് വാട്ട്സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വാട്ട്സ്ആപ്പ് ഇ-മെയിൽ വഴി മറുപടി നൽകിയതായാണ് വിവരം. എന്നാൽ, വിശദാംശങ്ങൾ ലഭ്യമല്ല.

തകരാർ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കമ്പനിയോട് തേടിയതായി ഐടി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വാട്ട്സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് ഈ തകരാർ സംബന്ധിച്ച റിപ്പോർട്ട് ഇന്ത്യൻ സർക്കാരിന് സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.

ടെക്സ്റ്റ് അല്ലെങ്കിൽ വീഡിയോ സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സേവനങ്ങൾ പുനരാരംഭിച്ചത്.