നിലമ്പൂരിൽ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി നാട്ടിൽ താരമായി

നിലമ്പൂർ: കൂട്ടം തെറ്റി നാട്ടിലെത്തിയ കൊമ്പനാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടയക്കാൻ ശ്രമം തുടരുന്നു. കരുളായി വനമേഖലയിലെ ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിക്കൊമ്പനെ തിരിച്ച് കൂട്ടത്തിൽ ചേർക്കാനുള്ള ശ്രമത്തിലാണ് റേഞ്ച് ഓഫീസർ എം.എൻ.നജ്മുൽ അമീന്‍റെ നേതൃത്വത്തിലുള്ള സംഘം.

കരുളായി റേഞ്ചിലെ നെടുങ്കയം സ്റ്റേഷന് സമീപം പതിവായി എത്തുന്ന ആനക്കൂട്ടങ്ങളിലൊന്നാണ് കുട്ടിക്കൊമ്പൻ എന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. അഞ്ച് മാസത്തോളം പ്രായമുണ്ട്. 10ന് വൈകിട്ട് അഞ്ച് മണിയോടെയാണ് നെടുങ്കയം ഗസ്റ്റ് ഹൗസ് വളപ്പിൽ ഒറ്റപ്പെട്ട നിലയിൽ ആനക്കുട്ടിയെ കണ്ടെത്തിയത്. ആനക്കൂട്ടം അടുത്തുണ്ടെന്ന അനുമാനത്തിൽ ഇതിനെ കാട്ടിലേക്ക് വിട്ടയച്ചു. എന്നാൽ കൂട്ടത്തിൽ പോകാതെ ജനവാസ മേഖലയായ സുന്ദരി മുക്കിലും വളയം കുണ്ടിലും കുട്ടിയാന തിരിച്ചെത്തി. നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തി കുട്ടിക്കൊമ്പനെ നെടുങ്കയം സ്റ്റേഷനിലേക്ക് മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ട് സംഘങ്ങൾ ആനക്കൂട്ടത്തെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും വിജയിച്ചില്ല. ഉച്ചയോടെ വെറ്ററിനറി ഡോക്ടർ എത്തി ആരോഗ്യനില പരിശോധിച്ചു. എസ്.എഫ്.ഒമാരായ വി.അച്യുതൻ, ഫിറോസ് വട്ടത്തൊടി, വാച്ചർ എൻ.മാലതി എന്നിവരാണ് പരിചരണം നൽകുന്നത്. ആളുകളുമായി വേഗത്തിൽ ഇടപഴകിയ കുഞ്ഞ് കൊമ്പൻ കുസൃതിയോടെ ഓടി നടക്കുകയാണ്.