Latestഗൾഫ്

വിസ് എയര്‍’ വിമാനങ്ങള്‍ അബുദാബിയില്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം

യുഎഇയിലെ പ്രവർത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ച അള്‍ട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങള്‍ക്കുശേഷം അബുദാബിയിലേക്ക് സർവീസുകള്‍ പുനരാരംഭിക്കുന്നു.അടുത്ത മാസം നവംബർ മുതല്‍ വിമാനങ്ങള്‍ വീണ്ടും പറന്നുയരും.

കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഇപ്പോള്‍ ആരംഭിച്ചു. വിസ് എയറിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്‌, നവംബർ 20-ന് പോളണ്ടിലെ കാറ്റോവിസ്, ക്രാക്കോവ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇ തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനങ്ങള്‍ സർവീസ് നടത്തും.

ടിക്കറ്റ് നിരക്ക് 309 പോളിഷ് സ്ലോട്ടികള്‍ (ഏകദേശം 312 ദിർഹം) മുതലാണ് ആരംഭിക്കുന്നത്. ചെലവ് കുറഞ്ഞ യാത്രാസൗകര്യം വീണ്ടും ലഭ്യമാകുന്നതോടെ പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. നേരത്തെ, പ്രാദേശിക തലത്തില്‍ ഉണ്ടായിരുന്ന വിസ് എയർ അബുദാബി സംയുക്ത സംരംഭം ഈ വർഷം സെപ്റ്റംബർ ഒന്നു മുതല്‍ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചിരുന്നു. മേഖലയിലെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍, റെഗുലേറ്ററി പ്രശ്‌നങ്ങള്‍, മറ്റ് ബജറ്റ് എയർലൈനുകളില്‍ നിന്നുള്ള കടുത്ത മത്സരം എന്നിവയായിരുന്നു പ്രധാന കാരണങ്ങള്‍.