സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയുന്നതായി റിപ്പോർട്ട്‌

കോഴിക്കോട് | സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ ഫലം കാണുന്നു. സംസ്ഥാനത്ത് പോയ വർഷം സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കു​റ്റകൃത്യങ്ങളുടെയും എണ്ണം കുറയുന്നതായാണ്
റിപ്പോർട്ട്.

ഗാർഹിക പീഡനങ്ങൾ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഭംഗം , പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലായി കഴിഞ്ഞ വർഷം 17662 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2022 ലാകട്ടെ 18943 കേസുകൾ. 1281 കേസുകളുടെ കുറവ്.

2021 ൽ 16199 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബലാത്സംഗക്കേസുകൾ 2380 എണ്ണം. 2022 ൽ ഇത് 2518 കേസുകളായിരുന്നു. ഗാർഹിക അതിക്രമങ്ങളിലും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം 4345 കേസുകൾ റിപ്പോ‌ർട്ട് ചെയ്തപ്പോൾ 2022 ൽ 4998 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സ്ത്രീകളെ അക്രമിക്കൽ, തട്ടിക്കൊണ്ടു പോകൽ, സത്രീ പീഡന മരണം തുടങ്ങിയ കേസുകളും കുറവാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത കേസുകളും കുറവാണ്.നഗരത്തിലും റൂറലിലുമായി 2022 ൽ 1935 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം അത് 1601 ആയി കുറഞ്ഞു. ബലാത്സംഗകേസുകൾ 196 ൽനിന്ന് 170 ഉം, പീഡനക്കസേുകൾ 561 ൽ നിന്ന് 271 ആയും കുറഞ്ഞു. 2022 ൽ 749 ഗാർഹിക അതിക്രങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023 ൽ അത് 552 ആയി കുറയുകയും ചെയ്തു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുന്നതിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിക്രമങ്ങൾ തടയാൻ രാജ്യത്ത് നിരവധി നിയമങ്ങളുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും ഭരണഘടന പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ ശിക്ഷാനിയമം മുതൽ പാർലമെന്റും നിയമസഭയും പാസാക്കിയ ഒട്ടേറെ നിയമങ്ങൾ സ‌്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുണ്ട്.

സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾ വിളിച്ചറിയിക്കാൻ 1091 എന്ന ഹെൽപ്‌ലൈൻ നമ്പർ സജീവമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിളിക്കുന്നയാളുടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടനെത്തും. ബസിലോ പൊതുവഴിയിലോ വീട്ടിലോ ആയാൽ പോലും ധൈര്യമായി വിളിക്കാം