Latestകേരളം

ക്രിസ്മസ് ബംപര്‍ തര്‍ക്കം; ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ലോട്ടറി വകുപ്പ്

തിരുവനന്തപുരം: ക്രിസ്മസ് ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ തങ്ങളുടെ വ്യക്തമാക്കി സംസ്ഥാന ലോട്ടറി വകുപ്പ്.ടിക്കറ്റ് കൃത്യമായി ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നല്‍കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ് ഐഎഎസ് അറിയിച്ചു. ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക എന്നത് അത് വാങ്ങുന്ന ഉടമയുടെ ഉത്തരവാദിത്തമാണെന്നും, വകുപ്പിനെ സംബന്ധിച്ചിടത്തോളം ഹാജരാക്കുന്ന ടിക്കറ്റിന്റെ വിശ്വാസ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 20 കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ട് പേർ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് സമ്മാനത്തുക തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ കോടതിയുടെ അന്തിമ നിർദേശങ്ങള്‍ക്കനുസരിച്ച്‌ മാത്രമേ ഇനി തുടർനടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംബർ സമ്മാനത്തിന് അവകാശമുന്നയിച്ച്‌ പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോൻ കോടതിയെ സമീപിച്ചതോടെയാണ് ബംബർ വിവാദം ഉടലെടുത്തത്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് ഇദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

പൊലീസില്‍ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ.ശബരിമല ദർശനത്തിന് സജിമോന്റെ വാഹനം വിളിച്ചെത്തിയ വിശാഖപട്ടണം സ്വദേശികള്‍ വണ്ടിയില്‍ ഒരു നെയ്‌പാത്രം മറന്നുവെച്ചിരുന്നു. സജിമോൻ എടുത്ത ഭാഗ്യക്കുറി ടിക്കറ്റ് ഈ നെയ്‌പാത്രത്തിന് അടിയിലായിരുന്നു വെച്ചിരുന്നത്. പിന്നീട് ഈ പാത്രം കുറിയർ വഴി വിശാഖപട്ടണത്തേക്ക് അയച്ചുകൊടുത്തപ്പോള്‍ അറിയാതെ ടിക്കറ്റും അതിനൊപ്പം പോയി എന്നാണ് സജിമോന്റെ വാദം.
മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടില്‍ പോയ സമയത്ത് കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും ടിക്കറ്റിന് പിന്നില്‍ സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നു എന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചതായും ഈ വ്യക്തി ടിക്കറ്റ് ഹാജരാക്കിക്കഴിഞ്ഞെന്നുമാണ് വിവരം