യോഗ അമൂല്യമാണ്; ലോകത്തെ യോഗ ഒന്നിപ്പിക്കുന്നു; ഐക്യരാഷ്‌ട്രസഭ

ശരീരത്തെയും മനസിനെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒന്നിപ്പിക്കാനും യോഗയ്‌ക്ക് സാധിക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൂടുതൽ ഐക്യമാർന്ന ലോകത്തെ കെട്ടിപ്പടുക്കാൻ യോഗ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 21ന് അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കാൻ പോകുന്നതിന് മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രതികരണം.

മനസിനെയും ശരീരത്തെയും, മനുഷ്യത്വത്തെയും പ്രകൃതിയെയും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയും യോഗ ഒന്നിപ്പിക്കുന്നു. വിഘടിച്ചു കഴിയുന്ന അപകടകരമായ ഈ ലോകത്ത് യോഗയെ പോലെ പഴക്കമുള്ള ഒരു വിദ്യയുടെ ആവശ്യകത വളരെ വലുതാണ്. യോഗ അമൂല്യവും വിലപ്പെട്ടതുമാണെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. യോഗ ശീലമാക്കുന്നത് വഴി നമ്മുടെ ഉത്കണ്ഠ കുറയുന്നു. മാനസികാരോഗ്യം മെച്ചപ്പെടുന്നു. ഭൂഗോളവുമായി ആഴത്തിൽ ബന്ധം സ്ഥാപിക്കാൻ മനുഷ്യരെ സഹായിക്കുന്നു. അച്ചടക്കവും ക്ഷമയും വളർത്തിയെടുക്കാൻ ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ 9-ാമത് പതിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുക. 2014ൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അംഗീകരിച്ചതിന് ശേഷം 2015 മുതൽ എല്ലാവർഷവും ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ആചരിച്ച് വരുന്നു.