കൊവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന്

കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്നു ചേരും. രാവിലെ പതിനൊന്നിന് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂർണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും നിയന്ത്രണങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനമുണ്ടാകും.

ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പിനുള്ളത്.

ആഹ്ലാദ പ്രകടനങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചേക്കും. എല്ലാ രാഷ്ട്രീയപാർട്ടികളും ആഹ്ലാദ പ്രകടനങ്ങൾ പരിമിതപ്പെടുത്തണമെന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണ്. മാത്രമല്ല, ഇക്കാര്യത്തിൽ സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം നീണ്ടു നിൽക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങൾ അടുത്ത ആഴ്ചകളിലും തുടരണമെന്ന നിർദേശവും ഉയർന്നേക്കും.

.