ചോദ്യം ചെയ്യലിന് തയാറെന്ന് പി സി ജോർജ്
തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് പി സി ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കത്തയച്ചു. പൊലീസ് നിർദേശിക്കുന്ന സമയത്ത് ഹാജരാകാമെന്നും കത്തിൽ പറയുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാതെ പി സി ജോർജ്ജ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയോ എന്ന കാര്യത്തിൽ നിയമോപദേശം തേടാൻ പോലീസ് തയ്യാറെടുക്കുന്നതിനിടെയാണ് ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് കാണിച്ച് പിസി കത്ത് നൽകിയത്.
കേസിൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജിന് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ആരോഗ്യപ്രശ്നങ്ങളും ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി ഇവരെ ബന്ധപ്പെടാൻ കഴിയില്ലെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് തൃക്കാക്കരയിൽ പ്രചാരണത്തിനു പോയി. പ്രചാരണത്തിനു പോയത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണോ എന്ന കാര്യത്തിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. കേസിൽ കർശന ഉപാധികളോടെയാണ് പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പിസി ജോർജിന്റെ വിദ്വേഷ പ്രസംഗം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.