ജോജു ജോര്‍ജിന്റെ ഓഫ് റോഡ് റേയ്സ്; പരാതിയിൽ കഴമ്പില്ലെന്ന് ആര്‍ടിഒ
അനുമതിയില്ലാതെ വാഗമണ്ണിൽ ഓഫ് റോഡ് റേസ് നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ആർ.ടി.ഒ രമണൻ പറഞ്ഞു. കേസിൽ മൊഴി രേഖപ്പെടുത്താൻ നടൻ ജോജു ജോർജ് കഴിഞ്ഞ ദിവസം ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ ഹാജരായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ചട്ടങ്ങൾ പാലിച്ചാണ് ഓഫ് റോഡ് റെയ്സ് നടത്തിയതെന്നും ഗുരുതരമായ നിയമ ലംഘനം നടന്നിട്ടില്ലെന്നും ആർടിഒ പറഞ്ഞു. ജോജുവിൻറെ മൊഴിയിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും രമണൻ പറഞ്ഞു.
പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ജോജു ജോർജ് ഹാജരായില്ല. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് ജോജു ഇടുക്കി ജില്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരായത്. ഓഫ് റോഡ് റേസിൽ പങ്കെടുത്ത വാഹനത്തിൻറെ രേഖകൾ സഹിതമാണ് ജോജു ആർടി ഓഫീസിൽ ഹാജരായത്. മൂന്നാഴ്ച മുമ്പ് വാഗമണ്ണിൽ കുടുംബത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായി ഓഫ് റോഡ് റേസ് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു ജില്ലാ കമ്മിറ്റി പരാതി നൽകിയത്.