നടന് സതീഷ് കൗള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു
മുൻകാല നടൻ സതീഷ് കൗൾ (74) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. സഹോദരിയും സംവിധായികയുമായ സത്യ ദേവിയാണ് സതീഷിന്റെ മരണ വിവരം പുറത്ത് വിട്ടത്.ആറ് ദിവസം മുമ്പ് പനിയെ തുടർന്നാണ് ഇദ്ദേഹത്തെ സിറ്റിആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ കോവിഡ് 19നെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹം അന്തരിച്ചത്.
പഞ്ചാബി-ഹിന്ദി സിനിമ-സീരിയലുകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സതീഷ് കൗള്‍, ബി.ആർ ചോപ്രയുടെ മഹാഭാരത് പരമ്പരയിൽ ഇന്ദ്രന്റെ കഥാപാത്രം അവതരിപ്പിച്ചാണ് പ്രശസ്തി നേടുന്നത്.
ഹിന്ദി-പഞ്ചാബി ഭാഷകളിലായി മുന്നോറോളം ചിത്രങ്ങളിൽ വേഷമിട്ട സതീഷ് കൗൾ, വിക്രം വേതാള്‍ അടക്കം പ്രമുഖ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യംചെയ്തിട്ടുണ്ട്. 2011 ൽ ഒരു ആക്ടിംഗ് സ്കൂൾ തുടങ്ങുന്നതിനായി അദ്ദേഹം പഞ്ചാബിലേക്ക് ചേക്കേറിയെങ്കിലും വിജയം കണ്ടില്ല.
2015 ൽ ഒരു അപകടത്തിൽ ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടർന്ന് രണ്ടര വർഷത്തോളം കിടപ്പിലായിരുന്നു. പിന്നീട് കുറച്ച് കാലം ഒരു ഓൾഡ് ഏജ് ഹോമിൽ കഴിഞ്ഞെങ്കിലും 2019 ൽ ഒരു വീട് വാടകയ്ക്കെടുത്ത് താമസം അങ്ങോട്ട് മാറ്റി. ഇതിനിടെ തന്റെ ദയനീയ അവസ്ഥ അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.