പഴയങ്ങാടിയിലും ചെറുകുന്ന് തറയിലും ആധുനിക മത്സ്യ മാർക്കറ്റ് ഉടൻ
എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു
ഏഴോം ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ചെറുകുന്ന് തറ എന്നിവിടങ്ങളിൽആധുനിക മത്സ്യമാർക്കറ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ കേരള തീരദേശ വികസന കോർപ്പറേഷൻ്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.
പഴയങ്ങാടിയിൽ 13 മത്സ്യ സ്റ്റാളും ആറ് മുറികളും നിർമ്മിക്കും. ചെറുകുന്ന് തറയിൽ 12 സ്റ്റാളുകളാണ് നിർമ്മിക്കുക. ഇരു മാർക്കറ്റുകളിലും മാംസ വില്പനയ്ക്കുള്ള സൗകര്യവും, മലിനജലം ശുദ്ധീകരിച്ച് പുറന്തള്ളുന്നതിനുള്ള സംവിധാനവും ഉണ്ടാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാർക്കറ്റ് നിർമ്മിക്കാൻ പഴയങ്ങാടിയിൽ 1.26 കോടിയുടെയും ചെറുകുന്ന് തറയിൽ 99.39 ലക്ഷം രൂപയുടെയും ധനകാര്യ അനുമതിയാണ് കിഫ്ബി യിൽ നിന്ന് സർക്കാർ അനുവദിച്ചത്.
ഏറെ നാളുകളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമാണ് ആധുനിക മത്സ്യ മത്സ്യ വിപണന കേന്ദ്രം . കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ മുഖേനയാണ് പ്രവൃത്തികൾ നിർവഹിക്കുക. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എം എൽ എ നിർദേശം നൽകി.
കേരള തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനിയർ മുഹമ്മദ് അൻസാരി, കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി, വൈസ് പ്രസിഡണ്ട് എം ഗണേശൻ, സെക്രട്ടറി എം കെ നാരായണൻ കുട്ടി, എക്സി.എഞ്ചിനിയർ
ഐ ജി ഷിലു,അസിസ്റ്റന്റ് എഞ്ചിനീയർ ഹരിലാൽ,അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എഞ്ചിനീയർ കെ കെ രൂപേഷ് , അസിസ്റ്റന്റ് എഞ്ചിനീയർ പി നിധിൻ,
തുടങ്ങിയവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.