21 അംഗ മന്ത്രിസഭ; സിപിഎമ്മിന് 12 മന്ത്രിമാര്‍

തിരുവനന്തപുരം: 21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന്ഇതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും.

പുതിയ കക്ഷികൾക്ക് പ്രതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി സിപിഎം മന്ത്രിമാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. സ്പീക്കറിന് പുറമെ 12 മന്ത്രിമാരാണ് പ്രധാന കക്ഷിയിൽ നിന്ന് ഉണ്ടാവുക. സിപിഐ- 4, കേരളാ കോൺഗ്രസ് (എം)- 1 എൻസിപി -1 ജനതാദൾ എസ്- 1 എന്നിങ്ങനെയാകും മന്ത്രിസഭയിൽ കക്ഷികളുടെ പ്രാതിനിധ്യം. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ ആദ്യ ടേമിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അംഗം ആന്‍റണി രാജുവും ഐഎൻഎൽ അംഗം അഹമ്മദ് ദേവർകോവിലും മന്ത്രിയാകും. രണ്ടര വർഷങ്ങൾക്ക് ശേഷം ഇവർക്ക് പകരം, കേരളാ കോൺഗ്രസ് ബിയിലെ കെബി ഗണേഷ് കുമാറും, കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും.