മെസിക്ക് പരിക്ക് ! ചങ്കിടിപ്പേറി ബാഴ്സലോണ

സ്പാനിഷ് ലാലിഗ ഈ മാസം നടക്കാനിരിക്കെ ബാഴ്സലോണയ്ക്ക് ആശങ്ക. സൂപ്പർ താരം ലയണൽ മെസിക്ക് പരിക്കെന്ന് സൂചന. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ താരം പങ്കെടുത്തിരുന്നില്ല. ഇതോടെ ലാലിഗ പുനരാരംഭിക്കുമ്പോള്‍ ആദ്യ മത്സരത്തില്‍ മെസി ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മസിലിനേറ്റ പരിക്കാണ് മെസിക്ക് തിരിച്ചടി ആയിരിക്കുന്നത്. ചെറിയ വേദന അനുഭവപ്പെട്ട മെസ്സി ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

താരത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. കാല്‍തുടയിലെ പേശിക്ക് മുറവേറ്റിട്ടുണ്ടാകാം എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നു. സീസണില്‍ നേരത്തെ മെസിയുടെ കാല്‍വണ്ണയ്ക്ക് പരുക്കേറ്റിരുന്നതിനാല്‍ കാലിന് അധികഭാരം നല്‍കേണ്ട എന്നതിനാലാണ് താരം പരിശീലനത്തിനിറങ്ങാതിരുന്നെന്നാണ് ക്ലബ് അറിയിച്ചത്. ഇത്തരമൊരു പരിക്കാണ് മെസിക്കേറ്റതെങ്കില്‍ പത്ത് ദിവസത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്താം. എന്നാല്‍ അങ്ങനെയെങ്കില്‍ കൂടി മയ്യോര്‍ക്കെയ്ക്കെതിരെ 13-ാം തിയതി നടക്കുന്ന മത്സരത്തില്‍ മെസി കളിക്കാന്‍ സാധ്യതയില്ല.

എന്നാൽ ഭയക്കാന്‍ ഒന്നും ഇല്ല എന്നാണ് ബാഴ്സലോണ ക്ലബുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മാത്രമേ അരങ്ങേറുകയുള്ളൂ. ഇതേസമയം, ടീമുകള്‍ക്കായി ആരാധകര്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ മത്സരത്തിനിടെ കാണിക്കുമെന്ന് ലീഗ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

മത്സരത്തിന്റെ 20 -ാം മിനിറ്റു മുതല്‍ ആരാധകരുടെ ആരവങ്ങള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങും. നേരത്തെ, കൊറോണ വൈറസ് വ്യാപനം ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചിലായിരുന്നു ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. നിലവില്‍ സ്‌പെയിനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പോയവാരം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ലാ ലിഗ നടത്താന്‍ പച്ചക്കൊടി കാട്ടുകയായിരുന്നു. ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെ ടീമുകളെല്ലാം പരിശീലന ക്യാമ്പുകളുമായി സജീവമായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *