യുഎഇയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യുകെയുടെ വിലക്ക്

ദുബായ്: യുഎഇയിൽ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സടക്കമുള്ള വിമാനകമ്പനികളും അറിയിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളേയും കോവിഡ് യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി ബ്രട്ടീഷ് അധികൃതർ അറിയിച്ചു.

യുഎഇയിലുള്ള ബ്രിട്ടീഷ് പൗരൻമാർക്ക് മറ്റു രാജ്യങ്ങൾ വഴി യുകെയിലേക്ക് പ്രവേശിക്കാം. ഇവർക്ക് പത്ത് ദിവസം നിർബന്ധിത ഹോംക്വാറന്റീനുണ്ട്.

യാത്രാനിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് യാത്രക്കാരുടെ സന്ദർശക വിസ സൗജന്യമായി തന്നെ നീട്ടി നൽകുമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.