വിധിപ്രഖ്യാപനം അൽപ്പസമയത്തിനുള്ളിൽ
തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ വോട്ടെടുപ്പിൻ്റെ വിധിപ്രഖ്യാപനം അൽപ്പസമയത്തിനുള്ളിൽ. രാവിലെ എട്ടിന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 244 കേന്ദ്രത്തിൽ ആരംഭിക്കും. എട്ടരയോടെ ഫലസൂചന ലഭിക്കും. ഒമ്പതോടെ ആദ്യ വാർഡുകളിലെ ഫലം പുറത്തുവരും. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ പൂർത്തിയാകും. ഉച്ചയോടെ പൂർണഫലം അറിയാം.
വാർഡുകളിലെ തപാൽവോട്ടാണ് ആദ്യമെണ്ണുക. കോവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക തപാൽവോട്ട് അനുവദിച്ചതിനാൽ ഇത്തവണ കൂടുതൽ ബാലറ്റുണ്ടാകും. രണ്ടു വിഭാഗത്തിലെ തപാൽവോട്ടും ഒരുമിച്ചെണ്ണും. തുടർന്ന് ഒരു മേശയിൽ എട്ട് ബൂത്തുവീതം എണ്ണിത്തുടങ്ങും. ഗ്രാമ–-ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽവോട്ടുകൾ അതത് വരണാധികാരികളും ജില്ലാപഞ്ചായത്തിലേത് കലക്ടറേറ്റിലുമാണ് എണ്ണുന്നത്.
ബ്ലോക്കടിസ്ഥാനത്തിൽ 152 കേന്ദ്രത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ. 86 മുനിസിപ്പാലിറ്റിയുടെയും ആറ് കോർപറേഷന്റെയും വോട്ടെണ്ണൽ അതത് സ്ഥാപനത്തിലെ ഓരോ കേന്ദ്രത്തിലാണ്. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റിനും ഒരു കൗണ്ടിങ് ഏജന്റിനും വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കാം.
ഡിസംബർ എട്ട്, 10, 14 തീയതികളിൽ മൂന്നുഘട്ടമായായിരുന്നു വോട്ടെടുപ്പ്. 21നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. നവംബർ 12ന് കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിയതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥഭരണത്തിലാണ്.