സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്. തൊട്ട് തലേന്ന് 102.95 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്.വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബി. വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.
വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യണം. എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണെന്നും കെഎസ്ഇബി അറിയിച്ചു.