നേപ്പാൾ പ്രളയം: മരണസംഖ്യ 1259 ആയി; കണ്ടെത്താനുള്ളത് 5000 പേരെ
നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. 5000 പേരെ കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. അഞ്ച് വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടിയെങ്കിലും 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ദുരന്തമുണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.അതേസമയം നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു
