Latestദേശീയം

‘ഇന്‍ഡ്യ’ നേതാക്കള്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി; കൂടിക്കാഴ്ച രാത്രി 8 മണിക്ക്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി. ഇന്ന് (ഒക്‌ടോബർ 9) രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നൽകിയിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷാണ് വിവരങ്ങൾ എക്‌സിലൂടെ പുറത്തുവിട്ടത്.

ഒന്നിലധികം തവണ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പാർലമെന്റ് സെൻട്രൽ ഹാളിൽ ഒത്തുചേർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ഇന്ത്യ സഖ്യം പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് വൈകിയാണെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചുകൊണ്ട് അറിയിപ്പ് വന്നത്. എന്നാൽ, ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോയി ഒടുവിൽ രാത്രി 8 മണിക്ക് സമയം നൽകിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോ എന്ന് കുനാല്‍ ഘോഷ് കുറ്റപ്പെടുത്തി.