പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു
പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ (95) അന്തരിച്ചു. എഴുത്തുകാരൻ എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. മയ്യഴിയിലെ മണിയമ്ബത്ത് കുടുംബാംഗമായ അദ്ദേഹം 1930-ലാണ് ജനിച്ചത്.
ഫ്രഞ്ചധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്ന രാഘവൻ, അവിടുത്തെ എക്കോല്‍ സെംത്രാല്‍ എ കൂർ കോംപ്ലമാംതേറില്‍ നിന്ന് മികച്ച രീതിയില്‍ ബ്രവേ പരീക്ഷ പാസായശേഷം സർക്കാർ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചെറുകഥാസമാഹാരങ്ങള്‍: നനവ്, വധു, സപ്തംബർ അകലെയല്ല, ഇനിയുമെത്ര കാതം. നോവലുകള്‍: നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍, നാടകങ്ങള്‍: കർക്കിടകം, ചതുരംഗം, ഹെലൻ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവർത്തനമായ ‘ദോറയുടെ കഥ’എന്നിവയാണ്.
