പതിനാറുകാരിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി; യുവതിയടക്കം രണ്ട് പേർ കൂടി പിടിയിൽ
മാനന്തവാടി: രക്ഷിതാക്കളുടെ അറിവില്ലാതെ അർധരാത്രിയിൽ 16 വയസ്സുകാരിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരിവസ്തുക്കൾ നൽകിയെന്ന കേസിൽ യുവതിയടക്കം രണ്ട് പേരെ കൂടി മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ അമൽ കൃഷ്ണ (20), കെ.വി. ജിതിൻ (22), സി. അജിത്കുമാർ (23) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഈ മാസം 12-ാം തീയതി അർധരാത്രിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോയ ശേഷം നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമാണ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് മാനന്തവാടി കണിയാരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പമാണ് കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.
രാത്രി 11 മണിയോടെ മകൾ ഉറങ്ങാൻ പോയെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ രാത്രി ഒന്നരയോടെ ഒരു യുവാവ് വിളിച്ച് മകൾ അപകടത്തിൽപ്പെട്ടതായും മാനന്തവാടിയിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്.
ആശുപത്രിയിലെ ചികിത്സയ്ക്കിടെ ലഹരിയുടെ മയക്കത്തിൽ നിന്ന് മുക്തയായ ശേഷമാണ് ഒരു പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. “ചായ കുടിക്കാൻ പോകാം” എന്ന് പറഞ്ഞാണ് പെൺസുഹൃത്ത് തന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും പെൺകുട്ടി വ്യക്തമാക്കിയതായി കുടുംബം അറിയിച്ചു.
അപകടത്തിൽ കാലിനും മുഖത്തും ഗുരുതരമായി പരുക്കേറ്റ 16കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. കേസിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്ന് ഉൾപ്പെടെ മാനന്തവാടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്
