ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ഡ്യാമുക്കിലെ വീടിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്ന 24 മണിക്കൂര്‍ പൊലീസ് കാവല്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. ഇനി മുതല്‍ പിണറായി വിജയന് വീട്ടിലുണ്ടെങ്കില്‍ മാത്രം പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഒരു എസ്ഐയും രണ്ട് പൊലീസുകാരും ഡ്യൂട്ടിയില്‍ ഉണ്ടാകും. നേരത്തേ പിണറായി വിജയന്റെ വീടിന് മുന്നില്‍ ഉണ്ടായിരുന്ന പൊലീസ് ജീപ്പ് എടുത്തുമാറ്റിയിരുന്നു. ജീപ്പ് എടുത്തുമാറ്റിയെങ്കിലും പൊലീസ് കാവല്‍ തുടരുകയായിരുന്നു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ രണ്ട് എസ്ഐമാർ, ആറ് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയത്. പിണറായിയുടെ വീടിന് മുന്നില്‍ മിനി സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ജീപ്പ് എടുത്തുമാറ്റിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന് തന്നെ രംഗത്തുവന്നിരുന്നു.
