തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ
കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പിഴവില്ലെന്ന റിപ്പോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ ഡിഎഒയോ പൊലീസോ ഡോക്ടർക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നോ എന്നതുപോലും അന്വേഷിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
2024 ജൂലായിലാണ് തൊണ്ടയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ കണ്ണൂർ സ്വദേശിയായ സൂര്യജിത്ത്(17) മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലാണ് കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ടാംനാൾ രക്തം ഛർദിച്ച് അവശനിലയിലായി. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോഗ്യനില ഗുരുതരമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും നടന്നു. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ഡിഎംഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോർട്ട്. എന്നാൽ, ഇതേ ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കോ ചികിത്സ നൽകുന്നതിലോ വീഴ്ചയില്ലെന്നും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
