വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് 18കാരി
വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച അയല്‍വാസിയെ വെട്ടിക്കൊന്ന പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റുചെയ്തു.ഉത്തർപ്രദേശിലെ ബന്ദ്ര ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സുഖ്റാം പ്രജാപതി എന്ന അമ്ബതുകാരനാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു കൊലപാതകം. ഈ സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.വാതിലും പൂട്ടിയിരുന്നില്ല.
പെണ്‍കുട്ടി ഉറങ്ങുകയാണെന്ന് മനസിലാക്കിയ സുഖ്റാം വീടിനകത്തുകടന്ന് വാതില്‍ അകത്തുനിന്ന് പൂട്ടി. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഞെട്ടിയെഴുന്നേറ്റ പെണ്‍കുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതില്‍ പൂട്ടിയിരുന്നതിനാല്‍ സാധിച്ചില്ല. വീണ്ടും ഉപദ്രവിക്കാൻ സുഖ്റാം ശ്രമിച്ചതോടെ സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപാതകം നടത്തിയത്. സമീപത്തുണ്ടായിരുന്ന കോടാലികൊണ്ട് പെണ്‍കുട്ടി സുഖ്റാമിനെ ആക്രമിച്ചു. വെട്ടേറ്റ് നിലത്തുവീണപ്പോള്‍ വടികൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിനുശേഷം ആയുധങ്ങളുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മരിച്ചയാളുടെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കെതിരെ കൊലപാതകത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
