Latestകേരളം

യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു,അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി

താനെ : മുംബൈയില്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി.വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയില്‍ ആണ് സംഭവം. വെടിവെച്ച മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമന്‍ തായ് ചവാന്‍ ഹിന്ദി പ്രൈമറി സ്‌കൂളിന് മുന്നില്‍ വെച്ച്‌ യുവതിയെ ശല്യം ചെയ്ത അക്രമികളെ മലയാളിയായ ജയന്‍ എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്‌കൂളിന് മുന്നില്‍ വെച്ച്‌ അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു. കുറച്ച്‌ നാളുകളായി ഇവര്‍ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.

പല തവണ ലൈംഗിക അതിക്രമണത്തിന് ശ്രമിച്ചു. ഇന്നലെയും അക്രമികള്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയന്‍ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ജയന്‍ ഇവരെ വെടി വെച്ചത്. താന്‍ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയന്‍ പ്രതികരിച്ചത്.

യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയന്‍ ശിവാനന്ദന്‍ നായര്‍ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച്‌ വെടിവെച്ചത്. നാടന്‍ തോക്കുപയോഗിച്ചാണ് വെടി വെച്ചതെന്നാണ് വിവരം. ജയന്‍ കരസേനയില്‍ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവരെ കല്‍സേക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്