Latestകേരളം

കാഴ്ചപരിമിതിയുള്ളവർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായി സംവിധാനം

നിയമസഭ തിരഞ്ഞെടുപ്പിൽ കാഴ്ച പരിമിതി മൂലമോ ശാരീരിക അവശതകൾ മൂലമോ ബാലറ്റ് യുണിറ്റിലെ ചിഹ്നം തിരിച്ചറിയാൻ കഴിയാത്തതോ സ്വയം വിരലമർത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതോ ആയ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ സഹായിയുടെ സേവനം തേടാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.

പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സഹായിയുടെ സേവനം അനുവദിക്കുകയുള്ളൂ. സഹായിയും വോട്ടർക്കൊപ്പം പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ചാണ് വോട്ടിംഗ് നടപടി പൂർത്തീകരിക്കുന്നത്.

സഹായി 18ന് മുകളിൽ പ്രായമുള്ള ആളാകണം. സഹായിയായി വരുന്നയാൾ ഒരു ദിവസം ഒരേയൊരു വോട്ടർക്ക് മാത്രമേ സഹായി ആവുകയുള്ളൂ എന്നും വോട്ടിൻ്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുമെന്നും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം.

ആർക്ക് വോട്ട് ചെയ്തുവെന്ന വിവരം പുറത്ത് വിടുന്നത് നിയമ ലംഘനമാണ്. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടു വിരലിലുമാണ് മായ്ക്കാനാകാത്ത മഷി അടയാളപ്പെടുത്തുക.

പ്രിസൈഡിംഗ് ഓഫീസർ ഇത്തരം വോട്ടർമാരുടെ വിശദ വിവരങ്ങൾ അടങ്ങിയ പട്ടിക (ഫോം 14A) തയ്യാറാക്കി റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കുകയും വേണം.

ശാരീരിക അവശത മൂലം സഞ്ചരിക്കാൻ പ്രയാസമുണ്ടെങ്കിലും ബാലറ്റ് യൂണിറ്റിൽ സ്വയം വിരലമർത്തി വോട്ട് ചെയ്യാൻ സാധിക്കുന്ന വോട്ടർക്ക് പോളിംഗ് സ്റ്റേഷനകത്ത് പ്രവേശിക്കാനും വോട്ടിംഗ് യന്ത്രത്തിന് അടുത്തേക്ക് വോട്ടറെ എത്തിക്കാനും മാത്രമായി സഹായിയുടെ സേവനം തേടാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ സഹായിയുടെ പ്രസ്താവനയോ ഫോം 14 A യിലുള്ള രേഖപ്പെടുത്തലോ ആവശ്യമില്ല.

1951ലെ ജനപ്രാതിനിധ്യ നിയമം – രഹസ്യസ്വഭാവ ലംഘനം (വകുപ്പ് 128): വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്ക് മൂന്ന് മാസം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.