തിരുവനന്തപുരത്ത് തനിച്ചു താമസിച്ചിരുന്ന 79 കാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയ 22 കാരൻ അറസ്റ്റില്‍
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.വീടുമായി ബന്ധമുള്ള പ്രതി പോത്തൻകോട് ശ്രീനാരായണപുരം സ്വദേശി ജിത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി 79 വയസ്സുള്ള ശാരദാമ്മ എന്ന് വിളിക്കുന്ന സീതമ്മയെയാണ് കൊല്ലപ്പെട്ടത്.
ബലാത്സംഗശ്രമത്തിനിടെ പ്രതി കഴുത്തുഞെരിച്ചാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു.
മൃതദേഹത്തിനടുത്തു നിന്ന് കിട്ടിയ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.
കൊലപാതകം നടന്ന മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്നാണ് സംഭവസ്ഥലത്ത് വീണുപോയത്. ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പ്രതി വയോധികയുടെ വീടിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തി. പോലീസ് എത്തുമ്പോള്‍ ബന്ധുവീട്ടില്‍ ഉറങ്ങുകയായിരുന്നു ഇയാള്‍.
ഏപ്രില്‍ 8 രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വയോധികയുടെ വീടുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകം നടന്ന മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി വീട്ടിലെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വയോധിക ഒറ്റയ്ക്ക് താമസിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞാണ് പ്രതി എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.വയോധികയുടെ വീടില്‍നിന്നും 15 കിലോമീറ്ററോളം അകലെ താമസിക്കുന്ന മകൻ എത്തിയ ശേഷം വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിച്ചു. വീട്ടിൻ്റെ പുറകു വശത്തെ വാതിലിൻ്റെ ലോക്ക് ഇളകിയ നിലയിലായിരുന്നു.ഒരു മൊബൈല്‍ ഫോണും ചെരുപ്പും തറയില്‍ വിണുകിടപ്പുണ്ടായിരുന്നു
മുറിക്കുള്ളില്‍ പിടിവലി നടന്നതിൻ്റെ സൂചനകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ പ്രതി തൻ്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കാൻ അവരുടെ മകനെ വിളിയ്ക്കണമെന്നും ആവശ്യപ്പെടുകയും ഇയാള്‍ തന്നെ മകനെ ഫോണില്‍ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് മകൻ്റെ ബൈക്കില്‍ കയറി ഇരുവരും പോത്തൻകോടുള്ള പ്രതിയുടെ വീട്ടിലെത്തി പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ചശേഷം അതെ ബൈക്കില്‍ തിരികെ വീണ്ടും വെഞ്ഞാറമൂട്ടില്‍ വന്നിറങ്ങുകയും ചെയ്തിരുന്നു.
രാവിലെ മരണവിവരം പുറത്തുവന്നിട്ടും പ്രതിയോ ബന്ധുക്കളോ മരണ വീട്ടില്‍ എത്തിയിരുന്നില്ല.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
