സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
നാളെ 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുള്ളത്. മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും.
തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മറ്റന്നാൾ വരെ തുടരും
