Latestകേരളം

കേന്ദ്രം സ്റ്റാർ പദവി നിരസിച്ച ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കില്ല: എക്സൈസ് മന്ത്രി

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാർ പദവി അപേക്ഷകൾ നിരസിച്ച ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ ഇനി പുതുക്കി നൽകില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു . ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും സർക്കാരിന്റെ നിലപാട് ഇത് തന്നെയായിരിക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്റ്റാർ പദവി ലഭിക്കാത്ത ചില ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബാർ ലൈസൻസ് പുതുക്കുന്നതിന് സ്റ്റാർ പദവി നിർബന്ധമാണെന്നും കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇത് നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം സ്റ്റാർ പദവിക്കുള്ള അപേക്ഷകൾ പരിശോധിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ അനുമതിയോടെ ബാർ ലൈസൻസുകൾ പുതുക്കി നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ കേന്ദ്ര ടൂറിസം മന്ത്രാലയം അപേക്ഷ നിരസിച്ച സ്ഥാപനങ്ങളുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും, നിരസിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.