ചൂട് കാരണം ജനല്‍ തുറന്നിട്ട് ഉറങ്ങി; യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരം മോഷ്ടിച്ച് കള്ളൻ
മലപ്പുറം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരം മോഷ്ടിച്ചു.വണ്ടൂർ ശാന്തിനഗറിലെ അക്കരപ്പറന്പൻ അബ്ദുവിന്റെ മൂത്തമകള്‍ നജ്ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്. ഇന്നു പുലർച്ചയായിരുന്നു മോഷണം നടന്നത്.
വലതുകാലില്‍ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ജനലിന് സമീപം മോഷ്ടാവിനെ കണ്ടത്. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പാദസരങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. കനത്ത ചൂട് കാരണം ജനലുകള്‍ എല്ലാം തുറന്നിട്ടിരുന്നു. സംഭവ സമയത്ത് ഏഴോളം അംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പരാതി പ്രകാരം വണ്ടൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
