സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിക്കുന്തനിനിടെ പൊള്ളലേറ്റയാള്‍ മരിച്ചു; സ്ത്രീയുടെ നില ഗുരുതരം
കൊല്ലം: വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതില്‍ രഘു(56)വാണ് മരിച്ചത്.
പൊള്ളലേറ്റ ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ പ്രസന്നയുടെ നില ഗുരുതരമായി തുടരുന്നു. കുറേനാളായി രഘുവും പ്രസന്നയും ഒന്നിച്ചുകഴിയുകയിരുന്നു.
പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ട് പോയതിനെച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പ്രസന്നയുടെ തലയിലൊഴിച്ചു തീകൊളുത്തുകയായിരുന്നു.
തീ ആളിക്കത്തിയതിനെ തുടർന്ന് രഘുവിന്റെ നെഞ്ചിലും തീ പടർന്നിരുന്നു. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.
