മേല്‍ക്കൂരയില്‍നിന്ന് പാമ്പ് ദേഹത്തുവീണു; പത്തനാപുരത്ത് 15-കാരിക്ക് പാമ്പുകടിയേറ്റു
പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍നിന്ന് പാമ്പ് വീണു.പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പിടവൂർ മൂലംകോട് രാജേഷ് ഭവനില്‍ രേവതിയെ (15) പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
രേവതി ഉറങ്ങിക്കിടന്ന മുറിയുടെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നിലവിളിച്ചുകൊണ്ട് ഉണർന്ന രേവതി പാമ്പിനെ കണ്ടെങ്കിലും, കാലിലെ മുറിവ് എലി കടിച്ചതാകാമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ ലൈറ്റിട്ടാണ് കുടുംബം ഉറങ്ങാറുള്ളത്.
കുറച്ചുസമയത്തിന് ശേഷം രേവതിക്ക് തലചുറ്റലും അസഹ്യമായ കാല്‍വേദനയും അനുഭവപ്പെട്ടതോടെയാണ് ഉടൻ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
അപകടത്തിന് പിന്നാലെ പാമ്പ് മുറിക്കുള്ളിലെ അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുപോയതായി അയല്‍വാസികളും വീട്ടുകാരും കണ്ടിരുന്നു. തുടർന്ന് ഭിത്തിയോട് ചേർന്നുള്ള മാളത്തില്‍ പാമ്പ് ഒളിച്ചു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. വീട്ടുകാർ തറകുഴിച്ചു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
