യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
തിരുവനന്തപുരം.10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യുഡിഎഫ് മന്ത്രിസഭ ഇന്ന്സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
14 പുതുമുഖങ്ങളുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ പൂർത്തിയായി. രാവിലെ 10 മണിക്കാണ് ചടങ്ങ്. കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവരും നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും ബിജെപി അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറുമെല്ലാം ചടങ്ങിന്‍റെ ഭാഗമാകും.
11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവിയും കോണ്‍ഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗിന് 5 മന്ത്രിമാരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും. ആർഎസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും സിഎംപിയില്‍ നിന്ന് സി.പി. ജോണും മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയുടെ ഏക എംഎല്‍എ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിട്ടെടുക്കാനാണ് ധാരണ. ആദ്യം അനൂപ്. എന്നാല്‍, ഒരംഗം മാത്രമുള്ള സിഎംപിക്ക് അഞ്ച് വർഷം കൊടുക്കുന്നതില്‍ അനൂപിനും കാപ്പനും കടുത്ത അമർഷമുണ്ട്.
മുസ്ലിം ലീഗിന്‍റെ മന്ത്രിമാരില്‍ ഒരാള്‍ രണ്ടര വര്‍ഷത്തിനു ശേഷം മാറി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പാറയ്ക്കല്‍ അബ്ദുള്ള മന്ത്രിയാകും. ഏതു മന്ത്രിയാണു മാറുന്നതെന്ന് പിന്നീട് തീരുമാനിക്കും. കോണ്‍ഗ്രസില്‍ വയനാട്ടില്‍ നിന്നുള്ള എസ്ടി വിഭാഗക്കാരനായ ഐ.സി. ബാലകൃഷ്ണനെയും ടേം വ്യവസ്ഥയില്‍ പരിഗണിക്കാൻ ആലോചനയുണ്ട്.
മുസ്‌ലിം ലീഗില്‍ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുല്‍ ഗഫൂർ എന്നിവർ മന്ത്രിമാരാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ മന്ത്രിയായി മോൻസ് ജോസഫ് എത്തുമ്പോള്‍ ജോസഫിന്‍റെ മകൻ അപു ജോസഫ് ചീഫ് വിപ്പാകും.
