Latestദേശീയം

പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി

ബംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയില്‍ പ്രണയത്തെ എതിർത്ത പിതാവ് പതിനേഴുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി.ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തില്‍ നടന്ന ഈ ദുരഭിമാന കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് തിമ്മരായപ്പയെ (48) കല്ലംബെല്ല പൊലീസ് അറസ്റ്റ് ചെയ്തു.

മാതാവിന്റെ ബന്ധുവായ യുവാവുമായി മേഘ്ന എന്ന പതിനേഴുകാരി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർക്കുകയും ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം തർക്കങ്ങള്‍ പതിവാകുകയും ചെയ്തിരുന്നു.

പ്രണയത്തില്‍ നിന്ന് പിന്മാറാൻ മകള്‍ തയ്യാറാകാത്തതിനെത്തുടർന്ന് കഴിഞ്ഞ മാസം 16നാണ് പ്രതി കൊലപാതകം നടത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ മൃതദേഹം സ്വന്തം തോട്ടത്തിനടുത്തുള്ള കിടങ്ങില്‍ കുഴിച്ചുമൂടുകയായിരുന്നു.

തുടർന്ന് മകളെ കാണാനില്ലെന്ന് വരുത്തിത്തീർക്കാൻ ഒന്നും അറിയാത്ത ഭാവത്തില്‍ തിമ്മരായപ്പ തന്നെ കല്ലംബെല്ല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാളുടെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.

തുടർന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ ഭയന്ന് ഒളിവില്‍ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മകളെ കൊന്ന് കുഴിച്ചുമൂടിയ വിവരം പ്രതി സമ്മതിച്ചത്.