Latestകണ്ണൂര്‍കേരളം

രണ്ടു വർഷത്തിനുള്ളിൽ കൊട്ടിയൂരിനെ ശബരിമല മാതൃകയിൽ പ്രധാന തീർത്ഥാടന കേന്ദ്രമാക്കും; മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് ദേവസ്വം മന്ത്രി

പേരാവൂർ : കൊട്ടിയൂർ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ശബരിമലയും ഗുരുവായൂരും പോലെ പ്രധാന തീർത്ഥാടന കേന്ദ്രമാക്കി കൊട്ടിയൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടിയൂർ ദേവസ്വം ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മന്ദംചേരി നടപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടാവസ്ഥയിലായ പഴയ പാലത്തിന് പകരമാണ് പുതിയ നടപ്പാലം പണിതീർത്തത്. നിലവിൽ മലബാർ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ 11.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കൊട്ടിയൂരിൽ പുരോഗമിക്കുന്നത്. ക്ഷേത്രത്തിൽ പുതുതായി നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫും അക്കര നടപ്പന്തൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്ററും നിർവ്വഹിച്ചു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, ദേവസ്വം എക്‌സിക്യുട്ടിവ് ഡയറക്ടർ കെ. ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.