വാങ്ങി നൽകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സാരി വാങ്ങി നൽകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പ്രഷർ കുക്കറിന്‍റെ അടപ്പു കൊണ്ട് തലയ്ക്കടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ റോഹ്താസ് സ്വദേശിയായ സുനിതാദേവിയെ (30) പൊലീസ് അറസ്റ്റ് ചെയ്തു
ബിഹാർ സ്വദേശികളായ ഇരുവരും ഏഴ് വയസ്സുകാരനായ മകനൊപ്പം കഴിഞ്ഞ 9 വർഷമായി താനെയിലാണ് താമസം. ജൂലൈ 19-ന് താനെയിലെ ബദ്‍ലാപ്പൂർ ഈസ്റ്റിലെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാരി വാങ്ങിത്തന്നില്ലെന്ന് പറഞ്ഞ് സുനിതാദേവി ഭർത്താവിനോട് വഴക്കിട്ടെന്ന് പൊലീസ് പറയുന്നു. എന്നിട്ടും അരിശം തീരാതെ സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് ഭർത്താവിനെ ആക്രമിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകൻ ഭയന്ന് വീട്ടുടമയുടെ വീട്ടിലെത്തി.
ആദ്യ ഘട്ടത്തിൽ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായക വഴിത്തിരിവായത്. ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെട്ട് ദാരുണമായ രീതിയിലാണ് മരണം സംഭവിച്ചതെന്നും ഇത് അസ്വാഭാവിക മരണമാണെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. തുടർന്ന് മരിച്ചയാളുടെ കുടുംബാംഗങ്ങളെയും വീട്ടുടമസ്ഥനെയും ചോദ്യം ചെയ്തു. തുടർന്നാണ് ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെ കുറിച്ച് വിവരം ലഭിച്ചതെന്ന് ബദ്ലാപ്പൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ നിതിൻ പാട്ടീൽ പറഞ്ഞു. തുടർന്ന് സുനിതാദേവിയെ ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. കോടതിയിൽ ഹാജരാക്കിയ സുനിതാദേവിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
