Latestകേരളം

മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിയ സർവീസുകളിൽ 80 ശതമാനവും പുനരാരംഭിച്ചു

മട്ടന്നൂർ: യുദ്ധത്തെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നിർത്തിയ സർവീസുകളിൽ 80 ശതമാനവും പുനരാരംഭിച്ചു. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റ് ബുക്കിങ്ങും പുനരാരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്ക് പ്രതിദിന സർവീസുകൾ ജൂൺ 23 ന് ആരംഭിക്കും. ഇൻഡിഗോ അബുദാബി, ഫുജൈറ പ്രതിദിന സർവീസുകൾ 25ന് തുടങ്ങും. ദോഹയിലേക്ക് ഇൻഡിഗോ സർവീസ് ജൂലൈ 8 ന് ആരംഭിക്കും.ഞായർ, തിങ്കൾ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.

ബെംഗളൂരുവിലേക്കുള്ള സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് 23ന് പുനരാരംഭിക്കും. ആഴ്‌ചയിൽ 2 ദിവസമാണ് സർവീസ്. മുൻപ് പ്രതിദിന സർവീസായിരുന്നു. ഇൻഡിഗോ കണ്ണൂർ-ഹൈദരാബാദ് സർവീസ് ജൂലൈ 5 ന് തുടങ്ങും. ആഴ്ച‌യിൽ അഞ്ചു ദിവസമാണ് സർവീസ്. എയർബസ് എ 320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. റിയാദ്, കുവൈത്ത് സെക്‌ടറിൽ സർവീസ് പുനരാരംഭിക്കുന്നതിന് എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജൂലൈ ആദ്യവാരം മുതൽ ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്.