വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഇന്ന് തുറക്കും; ആർടിഒ അനുമതി ലഭിച്ചെന്ന് പോലീസ്
കണ്ണൂർ: വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹകല്ലറ ഇന്ന് തുറക്കും. കല്ലറ തുറക്കാൻ ആർഡിഓ അനുമതി നൽകിയതായി പോലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലറ തുറക്കുകയും, ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്യും. കല്ലറയിൽ പായിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 2006 ൽ സംസ്കരിച്ച മറിയയുടേതെന്നാണ് എന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ കല്ലറയിൽ മൂന്ന് മൃതദേഹമുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നുമാണ് പളളി അധികൃതർ അറിയിച്ചിട്ടുള്ളത്. അതേസമയം കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
ജൂൺ 13നാണ് വാണിയപ്പാറ പള്ളിയിലെ 38- നമ്പർ കല്ലറ തുറന്നപ്പോൾ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തുവും കണ്ടത്. മറ്റൊരു സംസ്കാരത്തിനായി ആ കല്ലറ തുറന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. അതിൽ രണ്ട് മൃതദേഹങ്ങൾ. ഒന്ന് പായയിൽ പൊതിഞ്ഞ നിലയിലും. അതെങ്ങനെ സംഭവിച്ചു. പള്ളി വികാരിയുടെ പരാതിയിൽ പോലീസെത്തി. ദുരൂഹത ഒന്നുമില്ല, നേരത്തെ സംസ്കരിച്ച രണ്ട് മൃതദേഹമാകാം എന്ന് കരുതി. പക്ഷേ അപ്പോഴാണ്, 6 വർഷം മുൻപ് വാണിയപ്പാറയിൽ വച്ച് കാണാതായ സിജോ എന്ന യുവാവിന്റെ വീട്ടുകാർക്ക് ചില സംശയങ്ങൾ ഉണ്ടാകുന്നത്. ആ അജ്ഞാത മൃതദേഹം സിജോയുടേതാണോ? ഇതിനൊപ്പം നമ്മൾ കാണേണ്ട ഒരു കാര്യം, സിജോയുടെ ഭാര്യയുടെ സഹോദരനാണ് ആ പള്ളിയിലെ കൈക്കാരൻ എന്നതാണ്. അങ്ങനെ ഒടുവിൽ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു പോലീസ്.
2019ൽ സെമിത്തേരി നവീകരിച്ചിരുന്നു. അന്ന് കല്ലറകളുടെ നമ്പറിൽ മാറ്റം വന്നു. അന്നത്തെ 23ആം നമ്പർ കല്ലറ 38ആയി. അങ്ങനെ വന്ന ആശയക്കുഴപ്പമാണ് കാരണമെന്നും രണ്ട് മൃതദേഹവും അതിൽ തന്നെ സംസ്കരിച്ചതാകാമെന്നും പോലീസ് നിഗമനത്തിലെത്തി. സംസ്കാര ചടങ്ങുകളുടെ ഫോട്ടോഗ്രാഫുകൾ വച്ചായിരുന്നു സ്ഥിരീകരണം. ചക്കരക്കൽ വാർത്ത. അങ്ങനെയെങ്കിൽ കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടാകാം എന്നായി പള്ളി വികാരിയുടെ സംശയം. കല്ലറ തുറന്ന് പരിശോധിക്കണമെന്നും വ്യക്തത വരുത്തണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ, 2020ൽ കാണാതായ കുറ്റ്യാടി സ്വദേശി സിജോ സ്കറിയയുടെ കുടുംബം വീണ്ടും പോലീസിൽ പരാതി നൽകി. ആറ് വർഷം മുൻപാണ് സിജോയെ വാണിയപ്പാറയിൽ വെച്ച് കാണാതായത്. കല്ലറയിൽ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇനി സിജോയുടേതാണോ എന്നാണ് സംശയം. സിജോയുടെ ഭാര്യാ സഹോദരൻ ബിനോയിയാണ് വാണിയപ്പാറ പള്ളിയിലെ കൈക്കാരൻ. സംശയങ്ങളും ദുരൂഹതകളും ബാക്കി നിൽക്കെ കല്ലറ തുറന്ന് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. പിന്നാലെയാണ് ആർഡിഒക്ക് അപേക്ഷ നൽകിയതും കല്ലറ തുറക്കാൻ ആർഡിഓ അനുമതി നൽകിയതും.
