പോലീസ് ജീപ്പിടിച്ച അപകടം; 16വയസുകാരൻ മരണത്തിന് കീഴടങ്ങി
തൃശൂർ: ആളൂരിൽ പോലീസ് ജീപ്പും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആളൂർ ആനത്തടം സ്വദേശി പീണിക്കപറമ്പിൽ ജൂവിൻ രാജു (16) ആണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചക്കാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജൂവിന്റെ മരണം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥിയായ തയ്യിൽ അനന്തകൃഷ്ണൻ (18) എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ജൂൺ 15-ന് രാവിലെ 11.30ഓടെ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറയ്ക്ക് സമീപമാണ് അപകടം നടന്നത്. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുടയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ എത്തിയ തൃശൂർ റൂറൽ എസിപിയുടെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. കദളിച്ചിറ ഭാഗത്ത് വലത്തോട്ട് തിരിയുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഹെൽമെറ്റ് നിർബന്ധമല്ലാത്ത വിഭാഗത്തിൽപ്പെട്ട ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു ഇരുവരുടെയും യാത്ര. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥികൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജൂവിന്റെ ജീവൻ രക്ഷിക്കാനായില്ല.
