Latestകേരളം

നിപ്പയിൽ ആശ്വാസം: 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കോഴിക്കോട്: നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലു പേരെ കൂടി ക്വാറന്റീനിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 22 പേരെയും കൂടി ഞായറാഴ്ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും.

ഇതോടെ ഉയർന്ന റിസ്ക് വിഭാഗത്തിൽനിന്ന് ക്വാറന്റീൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം ഏഴും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 34 ആയി. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലു പേരും ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഏഴു പേരും ഉൾപ്പെടെ 11 പേർ ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 52 പേർ നിരീക്ഷണത്തിലാണ്.

രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ്പ ലക്ഷണങ്ങൾ ഉള്ളവരുടെ ഇടയിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 57 പേരുടെ ഫലവും നെഗറ്റീവ് ആണ്. നിപ്പ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 95 ഫോൺവിളി എത്തി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഞായറാഴ്ചയും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടു. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച ഒരാൾക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 267 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.