വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്: ഹൈക്കോടതി
കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ വിവാഹമോചന ഹരജി സമര്‍പ്പിച്ചിരുന്ന മകള്‍ക്ക്, വിവാഹമോചന ഉത്തരവ് മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിലും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.
വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിച്ച സായുധ സേനാ ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. ജസ്റ്റിസ് എസ് മനുവും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ണൂര്‍ എരുവട്ടി സ്വദേശിനിയായ യുവതിയ്ക്കാണ് അനുകൂലമായ വിധി. അന്തരിച്ച മുന്‍ സൈനികന്റെ വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കാന്‍ സായുധ സേനാ ട്രിബ്യൂണലിന്റെ കൊച്ചി റീജണല്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ട്രിബ്യൂണലിന്റെ നിലപാട് ശരിവച്ച ഹൈക്കോടതി, യുവതിക്ക് കുടുംബ പെന്‍ഷനില്‍ പൂര്‍ണ അവകാശമുണ്ടെന്ന് വ്യക്തമാക്കി. യുവതിയുടെ പിതാവ് ഇന്ത്യന്‍ സൈന്യത്തില്‍ ലാന്‍സ് ഹവില്‍ദാര്‍/നായിക് ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയ്ക്ക് കുടുംബ പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് ഭാര്യ മരിച്ചതോടെയാണ് കുടുംബ പെന്‍ഷന്‍ തുക ലഭിക്കാനായി യുവതി നിയമനടപടികള്‍ സ്വീകരിച്ചത്.
