Latestദേശീയം

കൂട്ടക്കൊല: പോക്‌സോ കേസ് പ്രതി ഭാര്യയും മക്കളും പരാതിക്കാരിയും അടക്കം ആറ് പേരെ കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടക്കൊല നടത്തി പോക്‌സോ കേസിലെ പ്രതി. റായ്‌വാലഗുഡ സ്വദേശിയായ രാജ് കുമാര്‍(35) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അടക്കമാണ് കൊലപ്പെടുത്തിയത്. സംഭവശേഷം കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്.

പതിനാറുകാരിയുടെ പരാതിയിലാണ് രാജ് കുമാറിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലായിരിക്കവെയാണ് നാടിനെ നടുക്കി ക്രൂരത അരങ്ങേറിയത്. പ്രതി തന്നെയാണ് പിതാവിനെ വിളിച്ച് കൊലപാതകവിവരം അറിയിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.

രാജ്കുമാറിന്റെ ഭാര്യ പാര്‍വതി സരിത(30), നാലും ഒന്നും വയസുള്ള ആണ്‍മക്കള്‍ എന്നിവരെയാണ് പ്രതി ആദ്യം കൊലപ്പെടുത്തിയത്. ശേഷം പരാതിക്കാരിയുടെ വീട്ടിലെത്തിയ ഇയാള്‍ ഇവിടെവെച്ച് കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.