കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
ഇടക്കാല ഉത്തരവ് ലഭിച്ച ശേഷം പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയായി മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം പിന്‍വലിച്ചത്. പെണ്‍കുട്ടി നേരിട്ട് വന്ന് പൊലീസിനോട് ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാമെന്ന് ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 19 മുതലാണ് മൊണാലിസ ഭോസ്ലെക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും പൊലീസ് സംരക്ഷണം നല്‍കിയിരുന്നത്. മെണാലിസ നല്കിയ ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജിയിലായിരുന്നു മതിയായ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
