തന്ത്രി സ്ഥാനത്തേക്കില്ല,മകനെ പരിഗണിക്കണമെന്ന് ദേവസ്വം ബോർഡിന് കത്ത് നൽകി കണ്ഠരര് രാജീവര്
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി. പകരം തൽസ്ഥാനത്തേക്ക് മകൻ കണ്ഠരര് ബ്രഹ്മദത്തനെ പരിഗണിക്കണമെന്നും കത്തിലുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കം. മേൽശാന്തിക്കായുള്ള അഭിമുഖം നടക്കുകയാണ്. ഇന്റർവ്യു ബോർഡിൽ താഴമൺ കുടുംബത്തിൽ നിന്നുള്ള രണ്ട് തന്ത്രിമാരും വേണമെന്നതാണ് കീഴ്വഴക്കം. ഇതിനാൽ അഭിമുഖം നടക്കുമ്പോൾ കണ്ഠരര് രാജീവരും പങ്കെടുക്കേണ്ടതുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങിയിട്ടും തന്ത്രി സ്ഥാനത്തുള്ള കണ്ഠരര് രാജീവര് സന്നിധാനത്ത് എത്തിയിട്ടില്ല.
അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ശബരിമലയില്‍ താന്ത്രിക അവകാശമുള്ള താഴമണ്‍ മഠത്തിലെ കണ്ഠരര് മോഹനരും രാജീവരുമാണ് തന്ത്രി സ്ഥാനം വഹിച്ചിരുന്നത്. പിന്നീട് മോഹനര് മാറി മകന് കണ്ഠരര് മഹേഷ് മോഹനരര്‍ക്ക് ചുമതല നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജീവരും തന്ത്രിസ്ഥാനം മകന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
