പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാരക്കോണം ലോ കോളേജ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടംഗസംഘമാണ് വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളജിലെ അവസാന വര്‍ഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാരുണ്യ ഹോട്ടലില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥിനികള്‍. ഭക്ഷണം കഴിച്ചശേഷം ബഥേല്‍ ഹോസ്റ്റലിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചെറുവാരക്കോണം ആര്‍പിഎസ് ട്രേഡേഴ്‌സിന് സമീപം വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാര്‍ഥിനികളില്‍ ഒരാളെ കടന്നു പിടിച്ച ശേഷം അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു.
വിദ്യാര്‍ഥിനി ആദ്യം പാറശ്ശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്നത് തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ കളിയിക്കാവിള പൊലീസിനെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
