ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനല്‍ രാജിന്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 15 നാണ് കുടുംബം മകനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് അന്നുതന്നെ തുന്നികെട്ടുകയായിരുന്നു.
തുന്നല്‍ എടുക്കാന്‍ എത്തിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നതെന്ന് കുടുംബം ആരോപിച്ചു. ചലനവള്ളി പൊട്ടിയതാണ് ചലനശേഷി നഷ്ടപ്പെട്ടതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് മകന് ദുരനുഭവം നേരിട്ടതെന്നും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
‘തുന്നല്‍ അഴിച്ചപ്പോഴാണ് മകന്റെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി മനസ്സിലായത്. ഒട്ടും മടക്കാന്‍ കഴിയുന്നില്ലായിരുന്നില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ തന്നെ കുഞ്ഞിനെ കാണിച്ചപ്പോള്‍ ഞരമ്പിന് തകരാന്‍ സംഭവിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു’, കുടുംബം ആരോപിച്ചു.
